ARTICLE COLLECTIONS

ഒഴിവുവേളകളില്‍ പണമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ
Posted on: 14 Oct 2010

ആര്‍.റോഷന്‍


ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ്.... സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെക്കുറിച്ച് ഇപ്പൊ ആര്‍ക്കാ അറിയാത്തെ? പക്ഷെ ഇത്തരം സൈറ്റുകളിലൂടെ പ്രതിമാസം ആയിരങ്ങള്‍ സമ്പാദിക്കാനാകുമെന്ന് എത്ര പേര്‍ക്കറിയാം?

കമ്പനികളെക്കുറിച്ചും അവയുടെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയെക്കുറിച്ചുമൊക്കെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചാരണം നല്‍കുക വഴി വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമൊക്കെ നല്ലൊരു വരുമാന മാര്‍ഗ്ഗമുണ്ടാക്കാം. ദിവസേന രണ്ടോ മൂന്നോ മണിക്കൂര്‍ ചെലവഴിച്ചാല്‍ മതി.

തുടങ്ങാന്‍

സ്വന്തമായി ഒരു കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉള്ള ആര്‍ക്കും ഇത്തരമൊരു ജോലി/ ബിസിനസ് ആരംഭിക്കാവുന്നതേയുള്ളൂ. നല്ല സ്​പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷനും വേണം. ഇവയുണ്ടെങ്കില്‍ വീട്ടിലോ ഹോസ്റ്റലിലോ ഇരുന്നു തന്നെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സ്‌കില്‍സും അത്യാവശ്യമാണ്. അതായത് ട്വീറ്റ് ചെയ്യാനും ഫേസ്ബുക്കിലും മറ്റും പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാനുമുള്ള അറിവ്.

പ്രവര്‍ത്തനരീതി

ക്ലയന്റിന് വേണ്ടി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങണം. കമ്പനിയുടെ ഏത് ഉത്പന്നത്തെക്കുറിച്ചാണ് പ്രചരണം നല്‍കേണ്ടത് അവയെക്കുറിച്ച് മനസ്സിലാക്കി ലഘുവിവരണങ്ങള്‍ തയ്യാറാക്കുക. ഇവ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ടാര്‍ഗറ്റ് ഓഡിയന്‍സിനിടയില്‍ പോസ്റ്റ് ചെയ്യുക. വിവരണങ്ങള്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ സേര്‍ച്ച് ചെയ്യാന്‍ സാധ്യതയുള്ള കീവേര്‍ഡുകള്‍ പരമാവധി ഉപയോഗിക്കുക.

നിലവിലുള്ള പരസ്യപ്രചാരണ മാധ്യമങ്ങളില്‍ ഏറ്റവും ഇഫക്ടീവ് ആണ് സോഷ്യല്‍ മീഡിയ. കമ്പനി ഏത് വിഭാഗക്കാരെയാണ് ലക്ഷ്യമിടുന്നത് (ടാര്‍ഗറ്റ് ഓഡിയന്‍സ്) അവരെ എളുപ്പം കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ സഹായിക്കുന്നു. ഇന്ററാക്ടീവ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ തന്നെ കമ്പനിയെക്കുറിച്ചും അവയുടെ ഉത്പന്ന - സേവനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും റിവ്യുകളുമൊക്കെ പോസ്റ്റ് ചെയ്താല്‍ മാത്രം പോര. ഒരാള്‍ സംശയം ചോദിച്ചാല്‍ അല്ലെങ്കില്‍ അഭിപ്രായം പറഞ്ഞാല്‍ അതിന് വേഗത്തില്‍ മറുപടി നല്‍കാന്‍ ശ്രദ്ധിക്കണം. വിമര്‍ശനങ്ങള്‍ക്കും ഫലപ്രദമായ മറുപടി നല്‍കണം.

വരുമാനം

തുടക്കത്തില്‍ ഒരു ക്ലയന്റില്‍ നിന്ന് പ്രതിമാസം 10,000 രൂപ മുതല്‍ 20,000 രൂപ വരെ ഈടാക്കാം. എന്നാല്‍ ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയ സൈറ്റ് വഴി മാത്രം പ്രചാരണം നല്‍കിയാല്‍ മതിയെങ്കില്‍ നിരക്ക് കുറച്ചുകൊടുക്കാവുന്നതാണ്. ഈ രംഗത്ത് സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞാല്‍ ഒരു ക്ലയന്റില്‍ നിന്ന് 50,000 രൂപ വരെ ലഭിക്കും.

സോഷ്യല്‍ മീഡിയ വഴി പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
http://www.mathrubhumi.com/business/offbeat_articles/5-steps-to-make-money-through-social-networking-147462.html

ഡോട്ട്‌കോം യുഗത്തിന് അന്ത്യം : ഇന്റര്‍നെറ്റില്‍ ഇനി ഇഷ്ടവിലാസം



Posted on: 20 Jun 2011

-സ്വന്തം ലേഖകന്‍



ഡോട്ട് കോമിന്റെ കാലം അവസാനിച്ചു, 'ഡോട്ട് കഴിഞ്ഞ് എന്തും' ആകാവുന്ന കാലത്തിലേക്ക് ഇന്റര്‍നെറ്റ് ചുവടുവെയ്ക്കുന്നു. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇനി ഏത് 'വാലറ്റം' (suffix) വെച്ചും ഡൊമയ്ന്‍ നാമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍നെറ്റ് ഡൊമയ്ന്‍ നാമങ്ങളുടെ നിയന്ത്രണം കൈയാളുന്ന അന്താരാഷ്ട്ര സംഘടനയാണ് ചരിത്രപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്.

'ഐകാന്‍'(ICANN) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'കോര്‍പ്പറേഷന്‍ ഫോര്‍ ആസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്' ആണ് ഈ തീരുമാനം സിങ്കപ്പൂരില്‍ കൈക്കൊണ്ടത്. ഇന്റര്‍നെറ്റ് വിലാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ തുറന്ന സംവിധാനം ഇതുവഴി സാധ്യമാകുമെന്ന് ഐകാന്‍ അധികൃതര്‍ പറഞ്ഞു.

1980 കളില്‍ ഇന്റര്‍നെറ്റ് ഡൊമയ്ന്‍ നാമങ്ങള്‍ നിലവില്‍ വന്നതിന് ശേഷം ഈ രംഗത്ത് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റാണിത്. '.com', '.org', '.uk', '.in', '.de' എന്നിങ്ങനെ ഏതാണ്ട് 300 ഡൊമയ്ന്‍ വാലറ്റങ്ങളാണ് നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ''.in' എന്നത് ഇന്ത്യയ്ക്കും, ''.uk' എന്നത് ബ്രിട്ടനും, ''.de' എന്നത് ജര്‍മനിക്കും അനുവദിച്ച് കിട്ടിയിട്ടുള്ള വാലറ്റങ്ങളാണ്.

പുതിയ ഡൊമയ്‌നുകള്‍ അടുത്ത വര്‍ഷം

പുതിയ തീരുമാനത്തോടെ ഈ പരിമിധികളെല്ലാം അവസാനിക്കുകയാണ്. ഇനിമുതല്‍ ഏത് വാലറ്റവും ഡൊമയ്ന്‍ നാമങ്ങള്‍ക്കാകാം, ഭാഷയോ സ്ഥല-സ്ഥാപന നാമങ്ങളോ പ്രശ്‌നമല്ല. ബാങ്കുകള്‍ക്ക് വേണമെങ്കില്‍ '.bank' എന്ന് വെയ്ക്കാം. തിരുവനന്തപുരംകാര്‍ക്ക് ചുരുക്കപ്പേരില്‍ വേണമെങ്കില്‍ '.tvm' എന്നവസാനിക്കുന്ന ഡൊമയ്ന്‍ നാമമാകാം. പടക്കം വില്‍ക്കുന്ന കടക്കാര്‍ക്ക് ''.പടക്കം'' എന്ന് ഡൊമയ്ന്‍ നാമം രജിസ്റ്റര്‍ ചെയ്യാനും തടസ്സമുണ്ടാകില്ല.

എന്നുവെച്ചാല്‍, പുതിയ ആയിരക്കണക്കിന് വാലറ്റങ്ങളോടുകൂടിയ ഡൊമയ്ന്‍ നാമങ്ങള്‍ ഭാവിയില്‍ നിലവില്‍ വരുമെന്നര്‍ഥം. മനുഷ്യഭാവനയും ക്രിയാത്മകതയും മാത്രമാകും ഇക്കാര്യത്തില്‍ അതിര്‍ത്തിയെന്ന് ഐകാന്‍ മേധാവി റോഡ് ബെക്ക്‌ട്രോം പറഞ്ഞു. പുതിയ ഡൊമയ്ന്‍ നാമങ്ങള്‍ അനുവദിച്ച് കിട്ടാനുള്ള അപേക്ഷകള്‍ 2012 ജനവരി 12 മുതല്‍ ഏപ്രില്‍ 12 വരെ ഐകാന്‍ സ്വീകരിക്കും. പുതിയ ഡൊമയ്ന്‍ അടുത്ത നവംബര്‍ മുതല്‍ ഓണ്‍ലൈനിലെത്തും.

വാലറ്റങ്ങള്‍ക്ക് ചിലവേറും

അക്ഷരങ്ങളും സംഖ്യകളും ഏതായിരുന്നാലും കുഴപ്പമില്ല, ഒരു ടോപ്പ് ലെവല്‍ ഡൊമയ്ന്‍ നാമത്തിന് 63 ക്യാരക്ടര്‍ വരെ അനുവദിക്കും. നിലവില്‍ ജനറല്‍ ടോപ്പ് ലവല്‍ ഡൊമയ്ന്‍ നാമങ്ങള്‍ (gTLDs) ആകെയുള്ളത് 22 എണ്ണമാണ്. രാജ്യങ്ങളുമായി ബന്ധപ്പെട്ട തലത്തില്‍ 250 ഡൊമയ്ന്‍ നാമങ്ങളും (.in, .uk, .de തുടങ്ങിയവ). ഭാവിയില്‍ പക്ഷേ ജനറല്‍ ടോപ്പ് ലവല്‍ ഡൊമയ്‌നുകളുടെ എണ്ണം ആയിരക്കണക്കിനാകും.

പക്ഷേ, പുതിയ ഡൊമയ്ന്‍ നാമങ്ങള്‍ അനുവദിച്ച് കിട്ടാന്‍ ചിലവേറും. പുതിയ ഡൊമയ്‌നുകള്‍ക്കുള്ള അപേക്ഷാ ഫീസ് 1.85 ലക്ഷം ഡോളര്‍ (85 ലക്ഷം രൂപ) ആണ്. വര്‍ഷംതോറും 25000 ഡോളര്‍ (11 ലക്ഷം രൂപ) വീതം അടയ്‌ക്കേണ്ടിയും വരും. മാത്രമല്ല, അനുവദിച്ച് കിട്ടാന്‍ അവകാശമുന്നയിക്കുന്ന വാലറ്റങ്ങളുടെ മേല്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് അപേക്ഷകര്‍ തെളിയിക്കുകയും വേണം. ഇത്രയും ഉയര്‍ന്ന തുക മുടക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലായിരിക്കാം.

ഐകാന്‍ ഇതിനുമുമ്പ് രണ്ടു തവണ വെബ്ബ് വിലാസ സംവിധാനം പരിഷ്‌ക്കരിച്ചിരുന്നു. 2000 ല്‍ '.info', '.biz' തുടങ്ങിയ വാലറ്റങ്ങള്‍ അനുവദിച്ചതായിരുന്നു ആദ്യത്തേത്. 2011 മാര്‍ച്ചില്‍ രതിസൈറ്റുകള്‍ക്ക് '.xxx' വാലറ്റം അനുവദിച്ചതായിരുന്നു രണ്ടാമത്തെ പരിഷ്‌ക്കരണം. പക്ഷേ, അതിനെക്കാളെല്ലാം വിപുലവും വൈവിധ്യമേറിയതുമായ പരിഷ്‌ക്കരണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൊമയ്ന്‍ നാമം എന്തിന്

ഒരു വെബ്‌സൈറ്റ് എവിടെ കണ്ടെത്തണം അല്ലെങ്കില്‍ ഒരു ഈമെയില്‍ എങ്ങോട്ട് അയയ്ക്കണം എന്ന് ഇന്റര്‍നെറ്റില്‍ ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍ക്ക് പറഞ്ഞു കൊടുക്കാനുപയോഗിക്കുന്ന വിലാസമാണ് ഡൊമയ്ന്‍ നാമം.

യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഒരു ഡൊമയ്ന്‍ നാമം ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ നല്‍കുമ്പോള്‍, കമ്പ്യൂട്ടര്‍ അതിനെ കുറെ സംഖ്യകളുടെ കൂട്ടമായി മനസിലാക്കി നിശ്ചിത സൈറ്റിലേക്ക് എത്തുകയാണ് ചെയ്യുക. ഉദാഹരണത്തിന് mathrubhumi.com എന്ന ഡൊമയ്ന്‍ നാമം '50.23.223.5' ആണ്. ap.org എന്നത് '165.1.59.220' ആണ്.

വെബ്ബ്‌സൈറ്റ് അഡ്രസുകള്‍ മനപ്പാഠമാക്കുന്ന സാധാരണ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ കുറവാണ്. ഭൂരിപക്ഷം പേരും ഏതെങ്കിലും സെര്‍ച്ച് എന്‍ജിനുകളിലൂടെയാണ് ആവശ്യമായ സൈറ്റുകള്‍ കണ്ടെത്തുന്നത്. അതിനാല്‍, ഇപ്പോഴത്തെ വിലാസ പരിഷ്‌ക്കരണം സാധാരണ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്ന് കരുതാന്‍ വയ്യെന്ന് 'സെര്‍ച്ച് എന്‍ജിന്‍ ലാന്‍ഡി'ന്റെ എഡിറ്റര്‍ ഡാന്നി സള്ളിവന്‍ അഭിപ്രായപ്പെടുന്നു.



Posted on: 19 May 2011



മനംമയക്കുന്ന വനചാരുതയുടെ ദൃശ്യഭംഗിയില്‍ കുറുവ ദ്വീപ് സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപില്‍ വിരുന്നെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു. കബനിയുടെ കൈവഴികളില്‍ ഇഴപിരിഞ്ഞ് പ്രകൃതി മുഖം നോക്കുകയാണ് ഇവിടെയുള്ള ചെറുദ്വീപുകളില്‍. മാനത്തേക്ക് ശിഖരം നീട്ടുന്ന മുത്തച്ഛന്‍ മരങ്ങളും വനപുഷ്പങ്ങളും കുളിരുപകരുന്ന കാട്ടുവഴികളും നഗരത്തിരക്കില്‍നിന്നെത്തുന്ന സഞ്ചാരികളുടെ മനംകവരുന്നു.

വയനാട്ടിലെ ജലവിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍കൂടിയാണ് കുറുവയില്‍ പ്രതിഫലിക്കുന്നത്. തടാകങ്ങളിലെ കുളിരില്‍ ഇത്തിരി നേരം ചെലവിടാന്‍... പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുപോലും സഞ്ചാരികള്‍ കൂട്ടമായി എത്താറുണ്ട്. 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ദ്വീപില്‍ അനേകം ചെറു ജലാശയങ്ങളുണ്ട്. മഴക്കാലത്ത് കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങി ദ്വീപ് അപാരമായ വിദൂരക്കാഴ്ചകള്‍ നല്‍കും. സപ്തംബര്‍ പിന്നിടുന്നതോടെ കബനിയുടെ ഓളങ്ങള്‍ കടന്ന് ദ്വീപിലേക്കുള്ള യാത്രകള്‍ തുടങ്ങും. പിന്നീട് മഴക്കാലമെത്തുന്നതുവരെയും നിലയ്ക്കാത്ത പ്രവാഹം.

ജൈവമണ്ഡലത്തില്‍നിന്ന് അനുദിനം പിന്‍വാങ്ങുന്ന നൂറുകണക്കിനു സസ്യങ്ങളുടെയും ചെറുപ്രാണികളുടെയും ആവാസകേന്ദ്രം കൂടിയാണിത്. കാടിന്റെ തനതു സംഗീതത്തിനു കാതോര്‍ക്കാന്‍ സഞ്ചാരികള്‍ ഇവിടെ നിശ്ശബ്ദരായി നടന്നു നീങ്ങുന്നു. പുഷ്പിക്കുന്ന വന്‍ മരങ്ങളും കരിമരുതും ഓര്‍ക്കിഡുകളും ഇവിടെ ധാരാളമായി കാണാം.

കൃത്രിമങ്ങളില്ലാത്ത കാട്ടറിവിന്റെ വശ്യത നുകരാന്‍ പ്രകൃതിപഠനയാത്രികരും വയനാട്ടിലേക്ക് ചുരം കയറുന്നു. ഒക്ടോബര്‍ ആകുന്നതോടെ കടല്‍ കടന്നും ദേശാടനക്കിളികള്‍ ഈ ദ്വീപിലേക്ക് വിരുന്നുവരാറുണ്ട്. ദ്വീപുകളുടെ തീരത്ത് ദിവസങ്ങളോളം ചെലവഴിച്ചാണ് വിദേശീയരായ ഈ സഞ്ചാരികളുടെ തിരിച്ചുപോക്ക്.

കടുത്ത വേനലിലും സൂര്യപ്രകാശം കടക്കാത്ത, വന്‍മരങ്ങള്‍ കുടചൂടിയ തണലോരങ്ങള്‍ യാത്രയുടെ വയനാടന്‍ അനുഭവങ്ങള്‍ അവിസ്മരണീയമാക്കുന്നു. മുളം ചങ്ങാടങ്ങള്‍ കൂട്ടിക്കെട്ടി കബനിനദിയിലൂടെ കുറുവയെ ചുറ്റിക്കാണാന്‍ റിവര്‍റാഫ്റ്റിങ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിനു മൂന്നൂറ് രൂപ നല്‍കിയാല്‍ ഓളപ്പരപ്പിലൂടെ സഞ്ചാരികള്‍ക്കു യാത്ര ചെയ്യാം. പത്തോളം പേരെ ചങ്ങാടത്തില്‍ കയറ്റിയുള്ള ഈ സാഹസിക ജലയാത്ര സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്.

കുറുവ ദ്വീപിന്റെ വെര്‍ച്ച്വല്‍ ഗാലറിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ